About Us

ചിയ്യാരം ഒല്ലൂക്കാവ് സപ്തമാതൃക്ഷേത്രം

തൃശ്ശൂർ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് 4 കി.മീ. തെക്ക് മാറിയും, തൃശൂർ-ഇരിങ്ങാലക്കുട റോഡിൽ, കണിമംഗലം ശ്രീ വലിയാലുക്കൽ ഭഗവതിക്ഷേത്രത്തിൽ നിന്ന് 1 14 കി.മീ. കിഴക്ക് മാറിയും, തൃശ്ശൂർ- എറണാകുളം റോഡിൽ ചിയ്യാരം ജംഗ്ഷനിൽ നിന്ന് 112 കി.മീ പടിഞ്ഞാറ് മാറിയും പ്രകൃതി രമണീയമായ ചിയ്യാരം പ്രദേശത്ത് സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ശ്രീ ചാമുണ്ഡീദേവി മുഖ്യപ്രതിഷ്ഠയായുള്ള, കേരളത്തിൽ അപൂർവമായി കാണുന്ന പ്രതിഷ്ഠാ സങ്കല്പമുള്ള സപ്തമാതൃക്ഷേത്രങ്ങളിൽ ഒന്നാണ് ചിയ്യാരം ഒല്ലൂക്കാവ് സപ്തമാതൃക്ഷേത്രം.

നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലായ മാതൃശാലയിൽ മുഖ്യദേവതയായ ശ്രീ ചാമുണ്ഡീദേവി കൂടാതെ, ഇന്ദ്രാണി, ബ്രഹ്‌മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി എന്നീ മാതൃകളും, ശ്രീകോവിലിന്റെ വടക്കു കിഴക്കു ഭാഗത്ത് ശ്രീ വീരഭദ്രനും, തെക്കു കിഴക്കായി ശ്രീ ഗണപതിയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മാതൃശാലയിൽ ശ്രീ കാർത്ത്യായനീദേവിയും അദൃശ്യസാന്നിദ്ധ്യമായി നിലകൊള്ളുന്നു.

പുറമെ, ചുറ്റമ്പലത്തിനകത്തുതന്നെ, തെക്കു പടിഞ്ഞാറെ മൂലയിൽ ശ്രീ വിനായകനും, വടക്കു പടിഞ്ഞാറെ മൂലയിൽ ശ്രീ പരമേശ്വരനും, ചുറ്റമ്പലത്തിനു പുറത്ത് തെക്കുപടിഞ്ഞാറായി ശ്രീ ധർമ്മശാസ്താവും, നാഗദേവതകളും പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വടക്കുകിഴക്ക് ഭാഗത്ത് ക്ഷേത്രപാലകൻ പ്രതിഷ്ഠയും നിലകൊള്ളുന്നു.

കേരളത്തിൽ തന്നെ കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന് തുടങ്ങിയ ഇടങ്ങളിൽ മാത്രമാണ് ഒല്ലൂക്കാവ് ക്ഷേത്രത്തെക്കൂടാതെ വളരെ അപൂർവമായ സപ്തമാതൃക്ഷേത്ര പ്രതിഷ്ഠകളുള്ളത്.

മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി അതിവിശിഷ്ടമായ 'രുരുജിത്ത്' വിധാനത്തിലുള്ളതാണ് ചിയ്യാരം സപ്തമാതൃക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പം. അതുകൊണ്ടുതന്നെ, വൈഷ്ണവ-ശാക്തേയ ചൈതന്യത്തില്‍ നിലകൊള്ളുന്ന ഈ ക്ഷേത്രത്തിലെ പൂജാവിധികളും 'രുരുജിത്ത്' വിധാനത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ്.

സംഹാര രുദ്രയായ ഭഗവതി ഇവിടെ അനുഗ്രഹ വർഷ വരദായിനിയായ ശ്രീ ഒല്ലൂക്കാവിലമ്മയായി പരിശോഭിക്കുന്നു. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ഈ മഹത് ചൈതന്യമൂര്‍ത്തിയുടെ അനുഗ്രഹവര്‍ഷത്തിന് പാത്രീഭൂതരായിട്ടുള്ള ഭക്തജനങ്ങളുടെ പരിപ്രേക്ഷ്യം തന്നെയാണ് ഇതിന് സാക്ഷ്യമായിട്ടുള്ളത്.

രുരു എന്ന അസുരനെ നിഗ്രഹിച്ചശേഷം ദേവതകള്‍ക്ക് ദര്‍ശനം നല്‍കിയ രൂപത്തിലാണ് ഇവിടത്തെ പ്രധാനമൂര്‍ത്തിയുടെ പ്രതിഷ്ഠാ സങ്കല്പം. വലതുകാല്‍ മടക്കി, ഇടതുകാല്‍ താഴ്ത്തിവെച്ച്, ചതുര്‍പാണികളില്‍ ആയുധങ്ങളേന്തി, രത്നഖചിത സുവര്‍ണ്ണകിരീടം ചൂടി, വിജയോന്മത്തയായി അല്പം പരുഷഭാവത്തോടെ രത്നാങ്കിത സിംഹാസനത്തില്‍ ഉപവിഷ്ഠയായി നിലകൊള്ളുന്ന ശ്രീ ഒല്ലൂക്കാവിലമ്മ, ആശ്രയമായി എത്തുന്നവര്‍ക്ക് അഭീഷ്ടവരദായിനിയായി പരിലസിക്കുന്നു.

എന്നും നിത്യനിവേദ്യവും, തൃകാലപൂജയും നടക്കുന്ന ഈ ക്ഷേത്രത്തില്‍, മുപ്പട്ടു വെള്ളിയാഴ്ചകളില്‍ സപ്തമാതൃക്കള്‍ക്ക് പ്രത്യേക പൂജയും വഴിപാടുകളും നടത്തപ്പെട്ടുവരുന്നു. മുപ്പട്ടു വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന കൗമാരീപൂജ, ഏറെ പ്രചാരം നേടിയിട്ടുള്ളതാണ്. വിവിധ കാരണങ്ങളാല്‍ "വിവാഹതടസ്സം നേരിടുന്നവര്‍ക്കും വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും പ്രശ്നപരിഹാരാര്‍ത്ഥം മുപ്പട്ടു വെള്ളിയാഴ്ചകളില്‍ മുല്ലപ്പൂ, വെറ്റില, അടയ്ക്ക എന്നീ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് കൗമാരീദേവിക്ക് പൂജ" നടത്തുന്നതിനായി വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഈ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ചുരുങ്ങിയ കാലയളവില്‍ തന്നെ ഇവര്‍ക്ക് പ്രാര്‍ത്ഥനാസാഫല്യം ലഭിക്കുന്നുവെന്നുള്ളത് അവരുടെ അനുഭവസാക്ഷ്യം വ്യക്തമാക്കുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ള പല ജ്യോത്സ്യന്മാരും പ്രശ്ന പരിഹാരാര്‍ത്ഥം ഒല്ലൂക്കാവ് സപ്തമാതൃക്ഷേത്രത്തിലേക്ക് വഴിപാടു ചാര്‍ത്തുകള്‍ കുറിച്ചു നല്‍കപ്പെട്ടുവരുന്നുണ്ട്.

കൂടാതെ ഉദയാസ്തമനപൂജ, തൃകാലപൂജ, പൂമൂടല്‍, ചുറ്റുവിളക്ക്, തുലാഭാരം, ഗണപതിക്ക് ഒറ്റയപ്പം, പാല്‍പ്പായസം, ശര്‍ക്കരപായസം, എള്ളുപായസം, അവില്‍ പായസം, സപ്തമാതൃനിവേദ്യം, കൂടാതെ മുട്ടിറക്കല്‍, ചന്ദനം ചാര്‍ത്തല്‍, ഗണപതി ഹോമം, ഉമാമഹേശ്വരപൂജ, ശനീശ്വരപൂജ, മൃത്യുഞ്ജയഹോമം, നെയ്യഭിഷേകം തുടങ്ങിയ വിവിധയിനം വഴിപാടുകള്‍ നടത്തപ്പെട്ടുവരുന്നു. "ഇവിടത്തെ പൂമൂടല്‍ ചടങ്ങ് സര്‍വ്വൈശ്വര്യങ്ങള്‍ക്കും ദുഃഖനിവാരണങ്ങള്‍ക്കും ഏറെ വിശിഷ്ടമാണ്"

മകരമാസത്തിലെ മകീര്യം നക്ഷത്രമാണ് ഇവിടെ പ്രതിഷ്ഠാദിനമായി ആചരിച്ചു വരുന്നത്. അന്നും പത്താമുദയം നാളിലും ബ്രഹ്മകലശത്തോടുകൂടിയ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലുള്ള വിശേഷാല്‍ പൂജകളും, ഇല്ലംനിറ , നവരാത്രി ദിനങ്ങളില്‍ മറ്റു വിശേഷാല്‍ പൂജകളും ഇവിടെ ആഘോഷമായി നടത്തിവരുന്നു. കോവിഡുകാലത്തെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മാറ്റിനിര്‍ത്തിയാല്‍ മുറതെറ്റാതെ പ്രസിദ്ധരായ യജ്ഞാചാര്യന്മാരുടെ നേതൃത്വത്തില്‍ നവാഹം വായനയും, നാട്ടുകാരുടെ സഹായത്തോടുകൂടി ശ്രീ അയ്യപ്പന്‍ വിളക്കും അന്നദാനവും നടത്തിവരാറുണ്ട്. എല്ലാ മാസവും ആയില്യം നാളില്‍ നാഗപ്രീതിക്കു വേണ്ടി ആയില്യപൂജയും വഴിപാടായി നടത്തിവരുന്നു.

കര്‍ക്കിടമാസത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമവും, ശ്രീ വിഘ്നേശ്വര ദേവന് വഴിപാടായി നടത്തിവരുന്നു. ധനുമാസത്തിലെ തിരുവാതിര നാളില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ ആതിരപൂജയും മറ്റ് ചടങ്ങുകളോടൊപ്പം തിരുവാതിരക്കളിയും അരങ്ങേറാറുണ്ട്. നവാഹ സമാപനദിനം സാംസ്കാരിക സമ്മേളനവും സംഗീതം, തൃത്ത-നൃത്ത്യങ്ങള്‍ തുടങ്ങിയ കലാപരിപാടികളും നടത്തിവരുന്നു.

കൊച്ചി രാജാക്കന്മാരുടെ സാമന്തന്മാരായി വന്നിരുന്ന പനമുക്ക് മാളിയേക്കല്‍ കുടുംബക്കാരുടെ അധീനതയിലായിരുന്ന ക്ഷേത്രം നാടുവാഴിത്തകര്‍ച്ചയെ തുടര്‍ന്ന് ക്രമേണ നാശോന്മുഖമായും, ക്ഷേത്രോദ്ധാരണത്തിനായി ചിയ്യാരം എന്‍.എസ്.എസ് കരയോഗത്തെ ട്രസ്റ്റിയായി നിയമിക്കുകയും തുടര്‍ന്ന് കരയോഗത്തിന്‍റെ നിയന്ത്രണത്തില്‍ ഭക്തജനങ്ങളുടെ ഉദാര സഹകരണത്തോടുകൂടി പ്രവര്‍ത്തിച്ചു വരികയുമാണ് ചെയ്യുന്നത്.

ഒല്ലൂര്‍ പ്രദേശത്ത് എവിടെയോ നിലനിന്നിരുന്ന ക്ഷേത്രം, അന്നത്തെ അധികാരികളായിരുന്ന മാളിയേക്കല്‍ കുടുംബക്കാര്‍ അജ്ഞാതമായ ഏതോ കാരണങ്ങളാല്‍ ചിയ്യാരം പ്രദേശത്ത് മാറ്റി സ്ഥാപിച്ചു എന്നും പറയപ്പെടുന്നുണ്ട്. നാലുദിശയിലും ഗോപുരങ്ങളുണ്ടായിരുന്ന വന്‍ ക്ഷേത്രം, പിന്നീട് ചുരുക്കി പുനര്‍നിര്‍മ്മിക്കപ്പെട്ടതായും പറയപ്പെടുന്നുണ്ട്.

യഥാര്‍ത്ഥ കാലഗണന നിര്‍വ്വഹിച്ചിട്ടില്ലാത്ത ഈ ക്ഷേത്രത്തിന്‍റെ പഴക്കത്തെ കുറിച്ച് വ്യക്തമായ രേഖകളൊന്നും ലഭ്യമല്ല. ഏതായാലും മൂന്ന് ഏക്കറിലധികം സ്ഥലത്തിനകത്ത് പ്രാചീന മാതൃകയില്‍ നിലകൊള്ളുന്ന ഈ ക്ഷേത്രത്തിന്‍റെ ചൈതന്യം അപാരമാണ്, അപരിമേയമാണ് എന്നതില്‍ ഒട്ടുംതന്നെ തര്‍ക്കമില്ല.

(ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടാണ് ഈ ക്ഷേത്രത്തിന്‍റെ തന്ത്രി)

അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...

Brahmani Matrika

Vaishnavi Matrika

Maheshvari Matrika

Indrani Matrika

Kaumari Matrika

Varahi Matrika

Chamunda Matrika

പ്രൊഫ. പി. കൃഷ്ണൻകുട്ടി മേനോൻ പ്രസിഡണ്ട് +91 9400750989
ശ്രീ. ശിവശങ്കരൻ കോരപ്പത്ത് വൈസ്‌ പ്രസിഡണ്ട് +91 9747724697
ശ്രീ. ഗോപിനാഥ് മെച്ചൂർ സെക്രട്ടറി +91 6238789842
ശ്രീ. അനൂപ് പി. ജോ. സെക്രട്ടറി +91 9947390623
ശ്രീ. കെ. സി. രവികുമാർ ഖജാൻജി +91 9846389824
സുരേഷ് ബാബു കൊഞ്ചാത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി +91 9446531384
ശ്രീ. സി. കെ ബാലകൃഷ്ണൻ എക്സിക്യൂട്ടീവ് കമ്മിറ്റി +91 9496978001
ശ്രീ. ഗോപി ചെമ്മണ്ണൂർ എക്സിക്യൂട്ടീവ് കമ്മിറ്റി +91 6282469215
ശ്രീമതി. മാലതി കോരപ്പത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി +91 8547430410
ശ്രീമതി. കുമാരി ഗോപാലകൃഷ്ണൻ എക്സിക്യൂട്ടീവ് കമ്മിറ്റി +91 9496246152